എം.എന്‍.കാരശ്ശേരി
ഈയിടെ മുന്‍ കേന്ദ്രമന്ത്രിയും നിയമപണ്ഡിതനുമായ രാം ജത്മലാനി നടത്തിയ പ്രസംഗം എന്താണ് ‘വഹാബിസം’, മതഭീകരവാദവുമായി അതിന് എന്താണ് ബന്ധം എന്നൊരു പ്രശ്നം ഉയര്‍ത്തിയിട്ടുണ്ട്. ഭീകരതയെക്കതിരായ അന്താരാഷ്ട്രജൂറിമാരുടെ സമ്മേളനത്തിലാണ് (ഡല്‍ഹി:21 നവംബര്‍ 2009) ലോകമെങ്ങുമുള്ള മതഭീകരതയ്ക്ക് പിന്നിലുള്ള വഹാബിസം യുവാക്കളുടെ മനസ്സില്‍ അസംബന്ധം കുത്തിവെക്കുകയാണെന്ന് ജത്മലാനി കുറ്റപ്പെടുത്തിയത്. വഹാബിസത്തെ താങ്ങിനിറുത്തുന്ന സൗദി സര്‍ക്കാറിനെതിരെ പ്രസംഗം നീണ്ടപ്പോള്‍ സൗദി അംബാസഡര്‍ ഫൈസല്‍ ഹസന് തറാദ് രാഷ്ട്രപതി പ്രതിഭാ പാട്ടീലിനെ സമീപിച്ച് പ്രതിഷേധമറിയിച്ച് ഇറങ്ങിപ്പോയി.
കേന്ദ്രനിയമമന്ത്രി വീരപ്പമൊയ്ലി ഭീകരവാദം ഏതെങ്കിലും മതവിഭാഗത്തിന്റെത് മാത്രമല്ലെന്നും ജത് മലാനിയുടെ അഭിപ്രായം വ്യക്തിപരം മാത്രമാണെന്നും ക്ഷമ പറഞ്ഞതോടെയാണ് രംഗം ശാന്തമായത്.
കുറച്ച് മുന്‍പ്, പ്രശസ്ത സാംസ്കാരിക വിമര്ശകന് സിയാവുദ്ധീന്‍ സര്‍ദാര്‍ Desperately Seeking Paradise എന്ന പുസ്തകത്തില്‍ ‘ഇസ്ലാമിസത്തിന്റെ അടിസ്ഥാനം വഹാബിസമാണെന്ന് നിരീക്ഷിച്ചിരുന്നു. (2004, P.151). ഇന്ന് നാനാദേശങ്ങളില്‍ തീവ്രദയായി കത്തിയാളുന്ന രാഷ്ട്രീയ ഇസ്ലാമിന്റെ വേര് വഹാബിസത്തിലാണ് എന്ന് വിചാരിക്കുന്നവര്‍ സിയാവുദ്ധീനെപ്പോലെ പലരുണ്ട്.
എന്താണീ വഹാബിസം?
18 -ാം നൂറ്റാണ്ടില്‍ സൗദി അറേബ്യയിലെ നജ്ദില്‍ രൂപം കൊണ്ട മതപരിഷ്കരണ പ്രസ്ഥാനമാണത്. ‘ഇസ്ലാമിലെ പ്രൊട്ടസ്റ്റാനിസം’ എന്ന് അത് വിശേഷിപ്പിക്കപ്പെട്ടിട്ടുണ്ട്. (Thomas Patrick Hughes-Dictionary fo Islam: 1998, P.661) പ്രസ്ഥാന സ്ഥാപകനായ മുഹമ്മദ് ഇബ്നു അബ്ദുല്‍ വഹാബിന്റെ (1703-1792) അനുയായികള്‍ എന്ന അര്‍ഥത്തിലാണ് ‘വഹാബികള്‍’ എന്ന പ്രയോഗം. അത് അവര്‍ സ്വയം വിളിക്കുന്നതല്ല. പാശ്ചാത്യരും മറ്റും വിളിക്കുന്ന പരിഹാസപ്പേരാണ്. ഇബ്നു അബ്ദുല്‍ വഹാബ് തന്റെ പ്രസ്ഥാനത്തിനിട്ട പേര് ‘മുവഹ്ഹിദൂന്‍’ (ഏകതാവാദികള്‍) എന്നാണ്. ദൈവത്തിന്റെ ഏകത്വത്തില്‍ അടിയുറച്ചു വിശ്വസിക്കുന്നവരും ദൈവത്തില്‍ ആര്‍ക്കും പങ്കാളിത്തം അനുവദിക്കാത്തവരും എന്ന അര്‍ഥത്തിലാണ് ഈ പേര്.
പഴയകാലത്തെ പരിഷ്കര്‍ത്താവ് അഹമ്മദ് ഇബ്നുത്തൈമിയ (1263-1328)യുടെ ആശയങ്ങളാണ് ഇബ്നു അബ്ദുല്‍ വഹാബിനെ പ്രചോദിപ്പിച്ചത്. ഇസ്ലാം മതത്തിലെ കര്‍മശാസ്ത്ര പദ്ധതി (മദ്ഹബ്)കളില്‍ ഒന്നായ ഹമ്പലി മാര്‍ഗത്തിന്റെ അഹമ്മദ് ഇബ്നു ഹമ്പല്‍ (780-855) ഉയര്‍ത്തിപ്പിടിച്ച നിലപാടുകളെ വ്യാഖ്യാനിച്ചും വിപുലീകരിച്ചും സ്വന്തം പാത കണ്ടത്തിയ മതചിന്തകനാണ് ഇബ്നു ത്തൈമിയ. ഭിന്ന കാലങ്ങളില്‍, ഭിന്നദേശങ്ങളില്‍ ഇസ്ലാം മതത്തിലേക്ക് കടന്ന് കൂടിയ അനാചാരങ്ങളെ ദൂരീകരിച്ച് മതത്തിന്റെ ‘ശുദ്ധ രൂപം‘ പുനസ്ഥാപിക്കുന്നത് സ്വന്തം ലക്ഷ്യമായി കണ്ടിരുന്ന അദ്ധേഹം പുനരാലോചന കൂടാതെ മുന്‍കാല, പണ്ഡിതന്മാരെ പിന്‍പറ്റുന്ന രീതി (തഖ് ലീദ്)യെ ഇകഴ്ത്തുകയും ആദ്യകാല മുസ്ലിം പണ്ഡിതന്മാര് ചെയ്തത് പോലെ ഗവേഷണം നടത്തി സ്വന്തം നിലപാടുകള്‍ പ്രഖ്യാപിക്കുന്ന രീതി(ഇജ്തിഹാദ്)യെ പുകഴ്ത്തുകയും ചെയ്തു. ഭരണാധികാരികളുടെയും പാരമ്പര്യവാദികളുടെയും കോപത്തിന് ഇരയായ ഇബ്നുത്തൈമിയക്ക് പലവട്ടം ജയിലില്‍ കിടകേണ്ടി വന്നിട്ടുണ്ട്. മരിച്ചതും ജയിലില്‍ വെച്ച്ത്തന്നെ. അദ്ദേഹത്തിന്റെ പ്രധാനപ്പെട്ട പോരട്ടം ദൈവാസ്തിത്വത്തില്‍ പങ്കുകാരെ ചേര്‍ക്കുന്നതിന്(ശിര്‍ക്ക്)എതിരെ ആയിരുന്നു. സൂഫി ഗുരുനാഥന്മാരോടുള്ള പരിധിയില്ല്ലാത്ത ആദരം, അവരുടെ ദിവ്യാത്ഭുതങ്ങളില്‍ (കറാമത്ത്) ഉള്ള വിശ്വാസം, അവരുടെ ഖബറിടങ്ങളിലെ ചടങ്ങുകള്‍ മുതലായവയെ അദ്ധേഹം ഏറ്റെതിര്ത്തു.

മധ്യ അറേബ്യയിലെ ദര്‍ഇയ്യ എന്നു പേരായ ഒരു ചെറിയ ഗ്രാമത്തിലാണ് ഇബ്നു അബ്ദുല്‍ വഹാബ്, വ്യക്തികള്‍ക്കോ വസ്തുകള്‍ക്കോ ഏതെങ്കിലും തരത്തിലുള്ള ദിവ്യത്വം കല്പിക്കുന്നത് മതത്തിന്റെ ശുദ്ധി നശിപ്പിക്കും എന്ന തീര്‍പ്പില്‍, പരിഷ്കരണപ്രബോധനം ആരംഭിച്ചത്(1747). ദൈവത്തിന്റെ ഏകത്വം (തൗഹീദ്) എന്ന അടിസ്ഥാന പ്രമാണത്തില്‍ യാതൊരു വിട്ടുവീഴ്ചയ്ക്കും പഴുതനുവദിക്കാത്ത അദ്ധേഹത്തിന്റെ കര്‍ക്കശനിലപാടുകള്‍ ജനങ്ങള്‍ക്കിടയില്‍ പ്രചാരം നേടി; അതൊരു ചെറിയ പ്രസ്ഥാനമായിത്തീര്‍ന്നു. ആ പ്രദേശത്തിന്റെ ഭരണം കൈയാളിയിരുന്ന മുഹമ്മദ് ഇബ്നു സുഊദ് (മരണം1765)പിന്തുണയെക്കത്തി. മതപരിഷ്കര്‍ത്താവിന്റെ മകളെ രാജാവ് നിക്കാഹ് കഴിച്ചതോടെ ആ ബന്ധം സുദ്ര്ഡമായി. പ്രമുഖനായ ഫിലിപ്പ് കെ. ഹിറ്റി ഇതിനെ ‘മതവും വാളും തമ്മിലുള്ള വിവാഹം’ എന്നു വിശേഷിപ്പിക്കുന്നുണ്ട്. (History of the Arabs, 2001, P.740) ആദര്‍ശ പ്രചാരണത്തിന് രാജാവിന്റെ പിന്തുണ മുഹമ്മദ് ഇബ്നു അബ്ദുള്‍ വഹാബിനും രാജ്യവിപുലനത്തിന് മതപരിഷ്കരണപ്രസ്ഥാനത്തിന്റെ പിന്തുണ മുഹമ്മദ് ഇബ്നു സുഊദിനും കിട്ടുന്ന കാഴ്ച്ചയാണ് പിന്നെ കാണുന്നത്. അവര്‍ കര്‍ബല (1801), മക്ക(1803), മദീന(1804), തുടങ്ങിയ പ്രദേശങ്ങള്‍ കീഴടക്കി മുന്നേറി അക്കൂട്ടത്തില്‍ ദിവ്യത്വം കല്പിക്കപ്പെട്ട ഖബറിടങ്ങളും മരങ്ങളും പാറകളും നശിപ്പിക്കപ്പെട്ടു.
ഹിറ്റി “പതിനെട്ടാം നൂറ്റാണ്ടിന്റെ മധ്യത്തില്‍ മുവഹ്ഹിദൂന്‍ പ്രസ്ഥാനത്തിന്റെ ഉദയത്തോടുകൂടിയാണ് അറേബ്യയുടെ ആധുനിക ചരിത്രം ആരംഭിക്കുന്നത്.” (History of the Arabs, 2001, P.740) എന്ന് നിരീക്ഷിക്കുന്നതില്‍ നിന്ന് വഹാബിസത്തിന്റെ പ്രാധാന്യം വ്യക്തമാവും.
അറേബ്യന്‍ സംസ്ക്ര്തിയുടെ വ്യാഖ്യാതാക്കളില്‍ പ്രധാനിയായ മുഹമ്മദ് അസദ് (1990-1992) എഴുതുന്നു: “പില്ക്കാലത്ത് ‘വഹാബിസം’ എന്നറിയപ്പെട്ട, ആളിക്കത്തുന്ന, ഒന്നിനോടും രാജിയാകാത്ത വിശ്വാസപ്രസ്ഥാനത്തിന് ഏതാനും ദശകം കൊണ്ട് ആ ഉപദീപിന്റെ വലിയൊരു ഭാഗം മുഴുവന്‍ കൈവശപ്പെടുത്താന്‍ കഴിയുമാറ് മുഹമ്മദ് ഇബ്നു അബ്ദുല്‍ വഹാബിന്റെ ആവേശദായകമായ വാക്കുകള്‍ക്ക് ഇബ്നു സുഊദ് കുടുംബം കര്‍മ്മശേഷി നല്കി....കഴിഞ്ഞ ഒന്നര നൂറ്റാണ്ടായി ‘ജിഹാദി’നെ പറ്റിയുള്ള സ്വപ്നങ്ങള്‍ക്കപ്പുറം അവര്‍ക്ക് യാതൊന്നും അറിഞ്ഞുകൂടതാനും-തങ്ങള്‍ മാത്രമാണ് ഇസ്ലാമിന്റെ യഥാര്‍ഥ പ്രതിനിധികളെന്നും മറ്റുമുസ്ലീകളല്ലാം ധര്‍മ്മ ഭ്രഷ്ടരണെന്നും കരുതുന്ന അഭിമാനികളും അഹംഭാവികളും ആയ മനുഷ്യരാണവര്‍...(ഇബ്നു അബ്ദുല്‍ വഹാബിന്റെ) നജ്ദി പാഠനങ്ങളെ വലിയൊരു ആത്മീയ നിയതിയാകാതെ തടഞ്ഞു നിറുത്തിയത് പ്രധാനമായും രണ്ട് വീഴ്ച്ചകളാണ്. ഈ വീഴ്ചകളിലൊന്ന്, ഏതാണ്ട് എല്ലാ മതയത്നങ്ങളെയും വിധിവിലക്കുകളില്‍ ഒതുക്കുന്ന സങ്കുചിതത്വം തന്നെ-അവയുടെ ആധ്യാത്മികമായ പൊരുളിലേക്ക് ആഴ്ന്നിറ്ങ്ങേണ്ടതിന്റെ ആവശ്യകത അവഗണിക്കപ്പെടുകയും ചെയ്തു. രണ്ടാമത്തെ വീഴ്ച അറബികളുടെ സ്വഭാവത്തില്‍ തന്നെ വേര് പിടിച്ചതാണ്-വിയോജിക്കാനുള്ള അവകാശം മറ്റൊരാള്‍ക്കും വകവെച്ചുകൊടുക്കാത്ത ആ മതാന്ധതയുടെയും ‘അവനവന് മാത്രം ശരി’ എന്ന മനോഭാവത്തിന്റെയും ചായ്വ്.... എപ്പോഴും ഭിന്നധ്രുവങ്ങള്‍ക്കിടയില്‍ ആടികളിക്കുകയ്ല്ലാതെ ഒരു മധ്യമാര്‍ഗം കണ്ടത്താതിരിക്കുക എന്നത് അറബികളുടെ സ്വഭാവത്തിലെ ദുരന്തമാണ്” (മക്കയിലേക്കുള്ള പാത, 2008, പു.210,211).
1818 ആവുമ്പോഴേക്ക് ഈ ഭരണത്തിന്റെ പ്രതാപം അസ്തമിച്ചു. പല പ്രദേശങ്ങളും അന്യാധീനപ്പെട്ടു. ഇബ്നു സുഊദ് വംശത്തില്‍ പിറന്ന അബ്ദുല്‍ അസീസ് (1880-1953) കുവൈത്തില്‍ പ്രവാസിയായിരിക്കെ അറേബ്യയുടെ ഭരണം തിരിച്ചുപിടിക്കാനുള്ള പരിശ്രമങ്ങള്‍ ആരംഭിച്ചു. മക്കയില്‍ ശരീഫ് ഹുസൈനെയും ഹായിലില്‍ ഇബ്നു റഷീദിനെയും തോല്‍പ്പിച്ച് അദ്ധേഹം കുതിച്ചു. അപ്പോഴും ഈ സൈനികനീക്കങ്ങള്‍ക്ക് തുണയായത് ഇബ്നു അബ്ദുല്‍ വഹാബിന്റെ ആശയങ്ങളാല്‍ പ്രചോദിതരായ ‘സഹോദന്മാര്’ (ഇഖ് വാന്‍) തന്നെ.
അസദ് സാക്ഷ്യപ്പെടുത്തുന്നു: ‘ഇഖ് വാന്റെ മതാവേശവും യുദ്ധ ശേഷിയും ഇബ്നു സുഊദിന്റെ കൈകളില്‍ കരുത്തുറ്റ ആയുധമായി തീര്‍ന്നു. അവിടം അദ്ദേഹത്തിന്റെ യുദ്ധങ്ങള്‍ക്ക് പുതിയൊരു മുഖം കൈവന്നു. ഇഖ് വാന്റെ മതാസ്ക്തിയില് നിന്ന് ജന്മം കൊണ്ട ഈ പ്രത്യേകത ഇതുവരെയുണ്ടായിരുന്ന അധികാരത്തിന് വേണ്ടിയുള്ള വംശയുദ്ധത്തെ വിശ്വാസ്ത്തിന് വേണ്ടിയുള്ള യുദ്ധമാക്കി മാറ്റി... അവരുടെ സങ്കല്പ്പങ്ങളില് പലതും പ്രാക്ര്തമായിരുന്നു. അവരുടെ ത്രീവ്രത പലപ്പോഴും ചെന്നുമുട്ടിയിരുന്നത് മതഭ്രാന്തിലാണ്താനും” (മക്കയിലേക്കുള്ള പാത, 2008, പു.227,228). അറേബ്യയിലെ അലഞ്ഞ് തിരിഞ്ഞ് നടക്കുന്ന ഗോത്രങ്ങളെ മത പാഠങ്ങളുടെ പേരില്‍ സ്ഥിരവാസികളാക്കിയാണ് അബ്ദുല്‍ അസീസ് സുഊദി രാജവംശത്തിന് അടിത്തറയിട്ടത്
അധികാര സ്ഥാപനങ്ങളിലെന്ന പ്പോലെ സാമൂഹികജീവിതക്രമീകരണങ്ങളിലും ഇബ്നു അബ്ദുല്‍ വഹബിന്റെ കര്‍ക്കശമായ നിലപാടുകള്‍ സ്വാധീനം ചെലുത്തി. വ്യക്തി പൂജാനിരോധനത്തിന്റെ പേരില്‍ ചരിത്രസ്മാരകങ്ങള്‍ തച്ച്തകര്ത്തത് ഉദാഹരണം. മത ചിട്ടകള്‍ നിര്‍ബന്ധിച്ച് നടപ്പിലാക്കുന്നത് മറ്റൊരുദാഹരണം: നിസ്ക്കരിക്കാത്തതിന് നടുറോട്ടില്‍ വിശ്വാസികളെ ശിക്ഷിക്കുന്ന മതപൊലീസ്(മുതവ്വ) സൗദി അറേബ്യയില്‍ ഇന്നും സജീവമാണ്. മുഹമ്മദ് ഇബ്നു അബ്ദുല്‍ വഹാബിന്റെ സ്വാധീനം നാനാദിക്കുകളിലേക്കും പടരുകയുണ്ടായി. ഏറിയ അളവിലോ കുറഞ്ഞ അളവിലോ അതിന്റെ മുദ്രഭിന്നരാജ്യങ്ങളിലെ മുസ്ലീ സമൂഹങ്ങളില്‍ കാണുന്നുണ്ട്. ബഹുദൈവാരാധന, ബിംബാരാധന, മധ്യസ്ഥപ്രാര്ഥാന, ശവകുടീരപൂജ, വ്യക്തി പൂജ മുതലായവ തീര്‍ത്തും ‘അനിസ്ലാമികം’ ആണെന്നും ആ മട്ടില്‍ മനസ്സിലാക്കപെടേണ്ട വിവിധ രാജ്യങ്ങളിലെ പ്രാദേശികമായ അനുഷ്ഠാനങ്ങള്‍ മുസ്ലീം പാരമ്പര്യത്തിലേക്ക് നുഴഞ്ഞ് കയറാതെ കാക്കണമെന്നും ഉള്ള കരുതലാണ് ഇപ്പറഞ്ഞ സ്വാധീനത്തിന്റെ ഉള്ളടക്കം. സ്വന്തം നിലപാട് ഏത് അളവില്‍ കര്‍ക്കശമാക്കനും മടിയില്ല എന്നടത്താണ് ഈ പരിഷ്കരണ പ്രവണത യുടെ ഹിംസ വെളിപ്പെടുന്നത്-മതത്തിന്റെ ശുദ്ധി വീണ്ടെടുക്കുന്നതിന് വേണ്ടി മരിക്കാന്‍ എന്നപോലെ കൊല്ലാനും തയ്യാറാകുന്നു എന്നേടത്ത്. ഈ ആദര്‍ശ നിഷ്ഠയുടെ വീറും വാശിയും രാജാധിപത്യങ്ങള്‍ സ്ഥാപിക്കനും ചില കോയ്മകള്‍ക്കെതിരെ നിതാന്ത സമരങ്ങള്‍ നടത്തുവാനും ഉപയോഗിക്കപ്പെട്ടത് സ്വാഭാവികം. ഉത്തരാഫ്രിക്കയില്‍ മതനവീകരണത്തിനും സാമൂഹിക പരിഷ്കരണത്തിനും വേണ്ടി രൂപം കൊണ്ട സനൂസി പ്രസ്ഥാനം (1837) ഒന്നാം ലോകയുദ്ധത്തിന്റെ കാലത്ത് (1914-1918) സയ്യിദ് അഹ് മദി(മരണം 1933)ന്റെ നേത്ര്ത്വത്തില് പാശ്ചാത്യര്‍ക്കെതിരെ പൊരുതുന്ന സംഘമായി രൂപാന്തരപ്പെട്ടതില്‍ കാണുന്നത് വഹാബിസത്തിന്റെ സ്വാധീനമാണ്.
വ്യക്തിപൂജയ്ക്കെതിരെ എന്നപേരില്‍ മക്കയില്‍ മുഹമ്മദ് നബി ജനിച്ചവീട് പൊളിച്ച് കളഞ്ഞ് അവിടെ ഗ്രന്ഥാലയം സ്ഥാപിച്ചത് ഇബ്നു അബ്ദുല്‍ വഹാബിന്റെ അനുയായികളാണ്! ഈ ചരിത്ര സ്മാരക നശീകരണത്തിന്റെ മുദ്ര ബിംബ പൂജയെക്കതിരെ എന്നപേരില്‍ അഫ്ഗാനിസ്ഥാനില്‍ ബാമിയന്‍ കുന്നിലെ ബുദ്ധപ്രതിമ തകര്‍ക്കുന്ന താലിബാന്റെ കാര്‍ക്കശ്യത്തില്‍ (2001) തെളിയുന്നുണ്ട്. ഇന്നും അറേബ്യയില്‍ അധികാരത്തിലിരിക്കുന്ന സഊദി രാജവംശത്തിന് വഹാബിസത്തിന്റെ പിന്തുണയോടെ അടിത്തറയിട്ടത് 1932ലാണ്. തൊട്ടടുത്തകൊല്ലം അറേബ്യയില്‍ എണ്ണ ഖനനം ആരംഭിക്കുന്നു. (1933). സ്വാഭാവികമായും അമേരിക്കയുടെ ശ്രദ്ധ ഈ മണലാരണ്യത്തിലേക്ക് തിരിഞ്ഞു. അവിടുത്തെ രാജഭരണത്തെ താങ്ങി നിറുത്തുന്ന ഭാരം അമേരിക്കയേറ്റു, ചോദിക്കുന്ന വിലക്ക് എണ്ണകിട്ടണം എന്ന നിബന്ധനയില്‍! ഇക്കൂട്ടത്തില്‍ തന്നെ ഭരണത്തെ ഇടക്കിടെ വിറപ്പിക്കുവാന്‍ അറേബ്യക്കാരനായ ഉസാമ ബിന്‍ ലാദിനെ പോലുള്ള മത തീവ്രവാദികളെ പ്രോത്സാഹിപ്പിക്കുന്ന പണി അമേരിക്ക വേറെയും എടുത്തു!! വഹാബി സിദ്ധാന്തത്തിന്റെ ബലത്തില്‍ അധികാരത്തിലെത്തിയ രാജവംശത്തിനെതിരായാണ് അറേബ്യയില്‍ പിന്നെ മതതീവ്രവാദം പുറപ്പെട്ടത്. അത് സഹകരിക്കുന്നത് 1979-89 കാലത്ത് അഫ്ഗാനിസ്താനില്‍ കമ്മ്യൂണിസത്തിനെതിരെ അമേരിക്ക തന്നെ സ്ര്ഷ്ടിച്ച മത തീവ്രവാദസംഘങ്ങളുമായിട്ടാണ്.
മുഹമ്മദ് ഇബ്നു അബ്ദുല്‍ വഹാബിന്റെ കാലത്ത് തന്നെ ഇന്ത്യയില്‍ ജീവിച്ച മതപരിഷ്കര്ത്താവണ് ഷാ വലിയുള്ളാ ദഹ് ലവി(1703-1762). ദഹ് ലവി എന്നാല്‍ ദല്ഹിക്കാരന്. രണ്ടുപേരും ജനിച്ചത് ഒരേകൊല്ലമാണ്. പേര്‍ഷ്യന്‍ ഭാഷയിലേക്ക് ഖുര്‍ആന്‍ വിവര്‍ത്തനം ചെയ്ത ഈ പണ്ഡിതന് അനാചാരങ്ങള്‍ക്കും അന്ധവിശ്വാസ്ങ്ങള്ക്കുമെതിരെ പോരാടി, വ്യക്തികളൊടുള്ള ആരാധനയെയും ഖബറിടങ്ങളിലെ അനുഷ്ഠാനങ്ങളെയും നിശിതമായി വിമര്‍ശിച്ചു. അജ്മീറിലേക്കുള്ള തീര്‍ഥാടനം ബഹുദൈവാരാധന മാത്രമാണെന്ന് ശഠിച്ചു. അദ്ധേഹത്തിന്റെ മക്കളും പേരമക്കളും പ്രസ്ഥാനം മുന്നോട്ട് കൊണ്ടു പോയി. അതിന് ജന പിന്തുണ കൂടി കൂടിവന്നു. കച്ചവടത്തിന് വന്ന ബ്രിട്ടീഷ്കാര് ഇന്ത്യയില്‍ ഭരണാധിപത്യം നേടാന്‍ ഉത്സാഹിക്കുന്ന കാലമാണെത്. മുഗള്‍ ഭരണം അവസാനിച്ചതായി ഒൗദ്യോഗിക പ്രഖ്യാപനമുണ്ടാകുന്നത് 1803 ലാണ്. ഷാ വലിയുള്ളയുടെ കുടുബപരമ്പരയില് പെട്ട ഷാ ഇസ്മഈല്‍ ബ്രീട്ടീഷുകാരുടെ കോളനിയായിക്കഴിഞ്ഞ ഇന്ത്യ ‘ശത്രുഗേഹ’മാണ്(ദാറുല്‍ഹര്‍ബ്) എന്ന മതവിധി (ഫത് വ) കൊടുത്തു. “ ഇന്ത്യയില്‍ കോളനി ഭരണത്തിനെതിരെ ഉയര്‍ന്നുവന്ന ആദ്യത്തെ ഫത് വയാണിത്.”(ഇസ്ലാം: വാല്യം 5-യുവത ബുക്ക് ഹൗസ്, കോഴിക്കോട്: 2004, പു.340)
ഇതില്‍ പ്രചോദനം ഉള്‍ക്കൊണ്ട് കോളനിവഴ്ചക്കെതിരെ പോരാടാന്‍ പട്ടാളക്കാരനായ സയ്യിദ് അഹ് മദ്(1786-1831) മുന്നോട്ടുവന്നു. ഹജ്ജിനു പോയപ്പോള്‍ മക്കയിലെ വഹാബി പണ്ഢിതമ്മാരെ അദ്ദേഹം കണ്ടിരുന്നു. ഷാ വലിയുല്ലയുടെ കുടുബത്തിലെ പണ്ഡിതര്‍ അദ്ദേഹത്തെ അംഗീകരിച്ചു. ഈ സംഘം ഉയര്‍ത്തിയ ബ്രിട്ടീഷ്കാര്‍ക്കെതിരെ വിശുദ്ധ യുദ്ധം (ജിഹാദ്) എന്ന ആശയം വിശ്വാസികളെ ആകര്‍ശിച്ചു. കാബൂള്‍, സിന്ധ്, കണ്ഡഹാര്‍ മുതലായവ ഉള്‍പ്പെടുന്ന വടക്കു പടിഞ്ഞാറന്‍ അതിര്‍ത്തി പ്രദേശത്ത് വിശ്വാസികളുടെ ഭരണം സ്ഥാപിക്കുക എന്നതായിരുന്നു ആദ്യ ലക്ഷ്യം. ആ ഭാഗങ്ങളില്‍ വാഴ്ചനടത്തിയ സിക്കുകാരുമായുണ്ടായ പോരാട്ടത്തില്‍ സയ്യിദ് അഹ് മ്മദ് വിജയിച്ചു. ഇന്ത്യ്ക്ക് പുറത്ത് രാജ്യസ്ഥാപിക്കനും ബ്രിട്ടീഷ്കാരോട് പോരാടാനുമായി 1827ല്‍ അദ്ദേഹം ‘അമീറുല്‍ മുഅമിനീന്‍’ (സത്യവിശ്വസികളുടെ നായകന്) ആയി സ്ഥാനമേറ്റു.
സിക്കുകാര്‍ ഈ ഭരണത്തിനെതിരെ പോരാടി . മുസ്ലീകള്‍ക്കിടയില്‍ ഛിദ്രങ്ങളുണ്ടാക്കുന്നതില് ബ്രിട്ടീഷ്കാര് വിജയിച്ചു. 1831ല്‍ അഹ് മ്മദ് കൊല്ലപ്പെട്ടു. 1857ല്‍ നടന്നതും ഇംഗ്ലീഷ് ചരിത്രകാരന്മാര് ‘ശിപായിലഹള’ എന്ന് പരിഹാസപ്പേര് വിളിക്കുന്നതും ആയ ബ്രിട്ടീഷ് വിരുദ്ധകലാപത്തിന് പിന്നില്‍ ഈ യോദ്ധാക്കളുടെ ഊര്‍ജവും ഉണ്ട്. ബ്രിട്ടീഷ്കാര് 1863ല്‍ വഹാബികളെ നിശ്ശേഷം പരാജയപ്പെടുത്തി. അതോടെ സംഘം തീര്‍ത്തും രാഷ്ട്രീയ മുക്തമായി തീര്‍ന്നു. ഇതിന്റെ പിന്മുറക്കാരാണ് ഉത്തരേന്ത്യയില്‍ ‘അഹ് ലേ ഹദീസ്’ (നബി വചനത്തിന്റെ ഭാഗക്കാര്‍) എന്നറിയപ്പെടുന്നത്.
അറേബ്യയിലെ മതപരിഷ്കരണ പ്രസ്ഥാനവുമായും അതിന്റെ രാഷ്ട്രീയവുമായും ഈ ഇന്ത്യന്‍ അനുഭവത്തിന് പറയത്തക്ക ബന്ധമൊന്നുമില്ല. എങ്കിലും ഉള്ളടക്കത്തിലെ സമാനതകൊണ്ട് ഈ പരിഷ്കരണപ്രസ്ഥാനത്തെയും ‘വഹാബിസം’ എന്നു വിളിച്ചു; സയ്യിദ് അഹമ്മദിന്റെ രാജ്യത്തെ ‘വഹാബി സ്റ്റേറ്റ്’ എന്നും കലാപകാരി, ലഹളക്കാരന് തുടങ്ങിയ താത്പര്യത്തിലാണ് പാശ്ചാത്യര്‍ ‘വഹാബി’ എന്ന് ഉപയോഗിക്കുന്നത്.
---
കേരളത്തില്‍ ‘വഹാബികള്‍‘ എന്ന് അറിയപ്പെടുന്ന ഒരു കൂട്ടരുണ്ടല്ലോ; അവരുടെ ആശയാദര്‍ശങ്ങളില്‍ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കുവേണ്ടിയുള്ള പോരാട്ടം ഉണ്ടോ? മതഭീകരവാദവുമായി അവര്‍ക്കു വല്ല ബന്ധവുമുണ്ടോ?

‘മുജാഹിദുകള്‍’ (വിശുദ്ധപോരാളികള്‍) എന്നും ഈയിടെയായി ‘സലഫികള്‍’ (ധര്‍മനിഷ്ഠരായ മുന്‍ഗാമികളെ പിന്തുടരുന്നവര്) എന്നും കൂടി സ്വയം വിളിക്കുന്ന മുസ്ലീ വിഭാഗത്തെയാണ് മറ്റുള്ളവര്‍ വഹാബികള്‍ എന്നു പരാമര്‍ശിക്കുന്നത്. ഇവിടെയും അത് പരിഹാസപേര് തന്നെ. കെ.ടി.മുഹമ്മദിന്റെ ‘ഇത് ഭൂമിയാണ്‘ (1953) എന്ന നാടകത്തില്‍ വിപ്ലവകാരിയായ നായകന് ഖാലിദിന്റെ പിതാവ് ഉസ്മാന് വഹാബിയാണ് എന്ന് എടുത്തുപറയുന്നുണ്ട്. അന്ധവിശ്വാസം, അനാചാരം, യാഥാസ്ഥിതികത തുടങ്ങിയവയെ എതിര്‍ക്കുന്ന പരിഷ്കരണവാദി എന്ന അര്‍ഥത്തിലാണ് കെ.ടി.യുടെ പ്രയോഗം.
കേരളത്തിലെ മുസ്ലീകള്ക്കിടയിലേക്ക് മതനവീകരണത്തിന്റെയും സാമൂഹിക പരിഷ്കരണത്തിന്റെയും സാമൂഹിക പരിഷ്കരണത്തിന്റെയും (ഇസ് ലാഹ്) ആശയങ്ങള്‍ കടന്നു വരുന്നത് അറേബ്യയില്‍ നിന്നല്ല, ഈജിപ്തില്‍ നിന്നാണ്. ഇവിടത്തെ പരിഷ്കരണപ്രവര്‍ത്തനങ്ങളില്‍ മുന്‍ നിരക്കാരായിരുന്ന വക്കം മൗലവി (1873-1932)യെയും മറ്റു പ്രചോദിപ്പിച്ചിരുന്നത് ജമാലുദ്ധീന് അഫ്ഗാനി (1839-1897), അദ്ധേഹത്തിന്റെ ശിഷ്യന് മുഹമ്മദ് അബ്ദു (1849-1905), അദ്ദേഹത്തിന്റെ ശിഷ്യന് മുഹമ്മ്ദ് രിള (1856-1935) തുടങ്ങിയ മത ചിന്തകരാണ്.

മുസ്ലീം സമൂഹത്തിന്റെ ആധുനികീകരണത്തിനുവേണ്ടി നിരന്തരം വാദിച്ചുപോന്ന പണ്ഡിതനാണ് മുഹമ്മദ് അബ്ദു. ശാസ്ത്രം മതവിരുദ്ധമല്ലന്നും ബ്രിട്ടീഷ് വിരോദത്തിന്റെ പേരില്‍ ഇംഗ്ലീഷും ആധുനിക വിദ്യകളും അഭ്യസിക്കാതിരിക്കുന്നത് ആത്മഹത്യാപരമാണെന്നും അദ്ധേഹം വാദിച്ചു. മനുഷ്യാവകാശങ്ങള്‍ മതത്തിന്റെ ഭാഗമാണെന്നും സ്ത്രീയുടെ അവകാശങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നത് മതത്തിന്റെ ഭാഗമായിത്തന്നെ മനസ്സിലാക്കണമെന്നും അദ്ധേഹം ശഠിച്ചു. മതനിയമങ്ങളെ കാലത്തിനനുസരിച്ച് വ്യാഖ്യാനിക്കേണ്ടതിന്റെ ആവശ്യകതയില്‍ അബ്ദു ഊന്നി. ബഹുഭാര്യത്തെ വിമര്‍ശിച്ച ആ പരിഷ്കര്‍ത്താവ് ഇസ്ലാം മാത്ര്കയായി കാണുന്നത് ഏകഭാര്യസമ്പ്രദായമാണ് എന്ന അഭിപ്രായക്കാരനായിരുന്നു.

ഇത്തരം ആശയങ്ങളുടെ പ്രതീകമായിരുന്നു കൊയ്റോയില്‍ നിന്നു പുറപ്പെട്ട അല്‍മനാര്‍ (ദീപസ്തംഭം) മാസിക. ഗുരുനാഥനായ മുഹമ്മദ് അബ്ദുവിന്റെ ആശയങ്ങള്‍ കുടി കൂട്ടിച്ചേര്‍ത്ത് റഷീദ് രിള പ്രസിദ്ധീകരിച്ച ഖുര്‍ആന്‍ വ്യാഖ്യാനം (തഫ്സീറുല്‍മനാര്‍) ഈ പരിഷ്കരണാശയങ്ങള്ക്ക് അടിയുറപ്പും ദിശാബോധവും നല്കി. അഫ്ഗാനി ആരംഭിക്കുകയും (1893) അബ്ദുവും രിളയും കൊണ്ടു നടക്കുകയും ചെയ്ത ആ പ്രസിദ്ധീകരണം രിളയുടെ മരണത്തോടെയാണ് നിലച്ചു പോകുന്നത് (1935). ഇന്ത്യയില്‍ നിന്ന് ആ മാസികയില്‍ എഴുതിയിരുന്ന പ്രധാനപ്പെട്ട ഒരാള്‍ അബുള്‍ കലാം ആസാദ് ആണ്. മറ്റൊരാള്‍ വക്കം മൗലവിയും, വക്കം മൗലവി ആരംഭിച്ച സ്വദേശാഭിമാനി (1905), മുസ്ലിം (1906), അല്‍ ഇസ്ലാം (1918), ദീപിക (1930) മുതലായ പ്രസിദ്ധീകരണങ്ങളുടെയെല്ലാം മുഖ്യപ്രചോദനം അല്‍മനാര്‍ മാസിക തന്നെയായിരുന്നു.
മതനിയമങ്ങളുടെ സത്ത നിലനിര്‍ത്തിക്കൊണ്ട് അവയെ കാലത്തിനും ദേശത്തിനും അനുസരിച്ച് പരിഷ്ക്കരിക്കണം എന്നതാണ് ഇവരുടെയെല്ലാം സാമൂഹികപരിവര്‍ത്തന ചിന്തയുടെ ഉള്ളടക്കം. ശരീഅത്ത്(മാര്‍ഗം) എന്നറിയപ്പെടുന്ന മതനിയമങ്ങളെപ്പറ്റി പണ്ഡിതന്മാര് ഗവേഷണം (ഇജ്തിഹാദ്) നടത്തി അഭിപ്രായയൈക്യം (ഇജ്മാഅ്) ഉണ്ടാക്കി പരിഷ്കാരങ്ങള്‍ കൊണ്ടുവരണം എന്നതാണ് ഇസ്ലാമിക പാരമ്പര്യം. അത്തരം പരിഷ്കാരണങ്ങളുടെ കാലം എന്നേ കഴിഞ്ഞു പോയി എന്നു യാഥാസ്തികരും ആ കാലം ഒരിക്കലും കഴിയുകയില്ല എന്ന് പുരോഗമനവാദികളും വിശ്വസിക്കുന്നു. ഈ പുരോഗമന പക്ഷത്തിന്റെ മുന്‍ നിരക്കാരനായിരുന്നു വക്കം മൗലവി.
ഇബ്നുതൈമിയ ദൈവത്തിന്റെ ഏകത്വത്തിന് (തൗഹീദ്) നല്കിയ ഊന്നല്‍ സമുദായപരിഷ്കരണത്തിനും അനാചാര ദൂരീകരണത്തിനും അത്യന്താപേക്ഷിതമാണെന്ന് മുഹമ്മദ് അബ്ദു കരുതിയിരുന്നു. കേരളീയ പരിഷകര്‍ത്താക്കളായ വക്കം മൗലവിയും സഹപ്രവര്‍ത്തകരും നേര്‍ച്ച (ഖബറിടങ്ങളിലെ വാര്‍ഷികാചരണം), മൗലൂദ് (നബിയുടെ പിറവിയെ വാഴ്ത്തിപ്പടുന്ന ആചാരം), റാത്തീബ് (വിശുദ്ധമ്മാരെ കീര്‍ത്തിച്ചു പാടുന്ന അനുഷ്ഠാനം) മുതലായ പ്രാദേശികപ്രവണതകളെ എതിര്‍ത്തത് ഇതേ നിലപാടുകൊണ്ടാണ്. ഈ എതിര്‍പ്പാണ് പാരമ്പര്യവാദികള്‍ അവരെ വഹാബികള്‍ എന്നു വിളിക്കാന്‍ കാരണം.
കേരളത്തിലെ സാമൂഹികപരിഷ്കാരണ പ്രസ്ഥാനമായ മുസ്ലീം ഐക്യസംഘത്തിന്റെ കാലത്തും(1922-1934) അതിന്റെ ഒരു കൈവഴി മുജാഹിദുകളുടെ കേരള നദ് വത്തുല്‍ മുജാഹിദ്ദീന്‍ എന്ന സംഘടനയായി രൂപപ്പെട്ട പില് കാലത്തും കെയ്റോയില്‍ നിന്നു പുറപ്പെട്ട പരിഷ്കരണാശയങ്ങളാണ് ഇവിടുത്തെ മതനവീകരണ വാദികളെ സ്വാധീനിച്ചത്. മുജാഹിദുകളുടെ മലയാള മാസികയുടെ പേര് അല്‍മനാര്‍(1950) എന്നായത് ഇതിന്റെ സൂചകം ആകുന്നു. ഉത്തരേന്ത്യയിലെ ‘അഹ് ലെഹദീസ്’ വിഭാഗത്തിന്റെ ഒരു സഹോദരപ്രസ്ഥാനമായിട്ടാണ് ഇവര്‍ സ്വയം തിരിച്ചറിയുന്നത്. അതില്‍ മതരാഷ്ട്രവാദത്തിന്റെയോ ഭീകരവാദത്തിന്റെയോ ആശയങ്ങളൊന്നുമില്ല. മതേതരജനാധിപത്യത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നത് ജീവിതദൗത്യമായി കണ്ടിരുന്ന ദേശീയപ്രസ്ഥാന നേതാക്കള്‍ മുഹമ്മദ് അബ്ദുറഹിമാന് സാഹിബ് (മരണം 1945), ഇ. മൊയ്തുമൗലവി (മരണം 1995) മുതലായവര്‍ ഈ ആശയധാരയ്ക്കൊപ്പമായിരുന്നു എന്നതു തന്നെ പ്രധാനപ്പെട്ട തെളിവ്. മറ്റൊരു തെളിവ് മുസ്ലീം ഐക്യ സംഘത്തിന്റെ മുന്നണിപ്രവര്ത്തകരായ കെ.എം.മൗലവി (മരണം 1964), കെ എം സീതി സാഹിബ്(മരണം 1961) തുടങ്ങിയവരാണ് കേരളത്തില്‍ മുസ്ലീം ലീഗ് രൂപീകരിക്കാന്‍ മുന്‍കൈയെടുത്തത് (1937). മുജാഹിദ് വിഭാഗം ഇപ്പോഴും മുസ്ലീ ലീഗിന്റെ വോട്ട് ബാങ്കാണ്. അവരുടെ സംഘടന-കേരള നദ് വത്തുല്‍ മുജാഹിദ്ദീന്‍ -പിളര്‍ന്നിട്ടും (2002) നിലപാടില്‍ മാറ്റമില്ല: രണ്ടുകൂട്ടരും ലീഗിന്റെ കൂടെ നില്ക്കുന്നു.

ഇവിടത്തെ മുസ്ലിം സമൂഹത്തിന്റെ നവോത്ഥാനചരിത്രത്തില്‍ പ്രധാനപ്പെട്ട പങ്കുവഹിച്ച സംഘടനയാണ് മുസ്ലീം ഐക്യ സംഘം. സയ്യിദ് സനാഉള്ളാ മക്തി തങ്ങള്‍ (മരണം1912), ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജി (മരണം1919), ശൈഖ് ഹമദാനി തങ്ങള്‍ (മരണം1922), വക്കം മുഹമ്മദ് അബ്ദുള്‍ ഖാദര്‍ മൗലവി (മരണം 1932) തുടങ്ങിയവരുടെ പ്രബന്ധങ്ങളില്‍ നിന്നും പ്രസംഗങ്ങളില്‍ നിന്നും പ്രവര്‍ത്തനങ്ങളില്‍ നിന്നും പ്രചോദനമുള്‍കൊണ്ട് മണപ്പാട് കുഞ്ഞിമുഹമ്മദ് ഹാജി, കെ.എം.മൗലവി, ഇ.കെ.മൗലവി, എം.സി.സി.അബ്ദുറഹിമാന് മൗലവി, കൊട്ടപ്പുറത്ത് സീതി മുഹമ്മദ്, കെ.എം.സീതി സാഹിബ് മുതലായവരുടെ നേത്ര്ത്വത്തില് കൊടുങ്ങല്ലൂര്‍ കേന്ദ്രമാക്കി 1922-ലാണ് ഇതാരംഭിക്കുന്നത്.
'മലബാര്‍ കലാപ’ത്തിന്റെ (1921) കൊടുതികളില്‍ പെട്ട് രാഷ്ട്രീയമായും സാമ്പത്തികമായും സാമൂഹികമായും തകര്‍ന്നുപോയ ഒരു സമുദായത്തെ ആത്മവിശ്വാസം കൊടുത്ത് പുതിയൊരു ജീവിതത്തിലേക്ക് വീണ്ടെടുക്കുക എന്ന ഭാരിച്ച ഉത്തരവാദിത്വമാണ് സംഘത്തിന് ഉണ്ടായിരുന്നത്. അനേകകാലം മതാചാരങ്ങളായി നിലനിന്നു പോന്ന അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും എതിരെയുള്ള പോരാട്ടം ആദ്യപടിയായിരുന്നു. ഇംഗ്ലീഷ് പഠനം, ആധുനികവിദ്യാഭ്യാസം മുതലായ കാര്യങ്ങളില്‍ ബ്രിട്ടീഷ് ഭരണത്തോട് സഹകരിക്കാം എന്ന നിലപാട് വലിയ എതിര്‍പ്പിനു കാരണമായി. സ്ത്രീകള്‍ എഴുത്ത് പഠിക്കണമെന്നും അവര്‍ വെള്ളിയാഴ്ച പള്ളിക്കു പോകണമെന്നും ഉള്ള പരിഷകരണാശയം പാരമ്പര്യസംരക്ഷകരെ വെകളിപിടിപ്പിച്ചു. വെള്ളിയാഴ്ച പള്ളിയില്‍ നടക്കുന്ന പ്രസംഗം (ഖുത്തുബ) അറബിയിലല്ല, മലയാളത്തിലാണ് വേണ്ടത് എന്ന അവരുടെ വാദം മനസ്സിലാക്കാന്‍ ആളുകള്‍ തുടക്കത്തില്‍ വിഷമിച്ചു.
മതപാരമ്പര്യത്തിന്റെ ചിട്ടകളെ ഇത് എങ്ങിനെ ഇളക്കിമറിച്ചു എന്ന് മേല്പറഞ്ഞ ഉദാഹരണങ്ങളില്‍ നിന്നും വ്യക്തമാവും. വ്യാപരത്തിന്റെയും വ്യവസായത്തിന്റെയും മേഖലകള്‍ക്കുകൂടി ശ്രദ്ധകൊടുത്തിരുന്ന സംഘം മതനവീകരണത്തെ എന്നപോലെ സാമൂഹികക്ഷേമത്തെയും വിലമതിച്ചിരുന്നു. സംഘത്തിന്റെ പ്രവര്‍ത്തനം നിലച്ചശേഷം അതിന്റെ സമ്പത്തുക്കളെയല്ലാം സ്വരൂപിച്ചാണ് കോഴിക്കോട്ട് ഫാറൂഖ് കോളേജ് സ്ഥാപിച്ചത് (1948) എന്നു മനസ്സിലാക്കിയാല്‍ അത് എന്തിനെ പ്രതിനിധാനം ചെയ്തിരുന്നു എന്നു വ്യക്തമാവും. കേരളത്തിലെ മുസ്ലീങ്ങളുടെ ആധുനീകരണം ആരംഭിക്കുന്നത് ഐക്യസംഘത്തോടുകൂടിയാണ്. മുഖ്യധാരയിലേക്കുള്ള അവരുടെ യാത്ര നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് ഇസ്ലാം മതം വന്നെത്തിയ കൊടുങ്ങല്ലൂരില്‍ തന്നെ ആരംഭിച്ചു....
1970-കളില്‍ മലബാറിലെ മുസ്ലിങ്ങളുടെ ഗള്‍ഫ് കുടിയേറ്റം ആരംഭിച്ചതോടെ മുജാഹിദുകളുടെ നോട്ടം തീര്‍ത്തും സൗദിഅറേബ്യയിലേക്കായി. അങ്ങനെ പരിഷ്കരണാശയങ്ങളുമായി കൊയ്റോവില്‍ നിന്നു വന്നെത്തുന്ന പുസ്തകങ്ങളുടെയും മാസികകളുടെയും സ്ഥാനം പള്ളിക്കും അറബികോളേജിനും മക്കയില്‍ നിന്നു വന്നെത്തുന്ന ഫണ്ട് കൈയടക്കി. സൗദി ഗവണ്മെന്റിന്റെ വഹാബി ഇസ്ലാം അവര്‍ നിസ്സംശയം സ്വീകരിക്കുന്ന അവസ്ഥ വന്നുചേര്‍ന്നു-അതിന് കേരളീയ സാഹചര്യവുമായി ബന്ധപ്പെട്ട രാഷ്ട്രീയ വിവക്ഷകളൊന്നുമില്ലെങ്കിലും. മുക്കാല്‍ നൂറ്റാണ്ടുകാലമായി, വഹാബികള്‍ എന്ന വിളി കേട്ടുപോരുന്ന മുജാഹിദുകള്‍ തങ്ങള്‍ സൗദികളുടെ വഹാബിസത്തിന്റെ കൂടെയായിട്ട് നാലുപതിറ്റാണ്ടാകുന്നേയുള്ളൂ എന്ന് സ്വയം മനസ്സിലാക്കാന്‍ ഇപ്പോള്‍ പ്രയാസപ്പെട്ടേക്കും.
1970-കളോടുകൂടി മുജാഹിദുകളുടെ സ്വഭാവത്തില്‍ മാറ്റം പ്രകടമായി തുടങ്ങിയിട്ടുണ്ട്. മതമൗലികവാദപരമായ യാഥാസ്തിക നിലപാടുകള്‍ മാത്രമാണ് നാലു പതിറ്റാണ്ടായി അവരില്‍ നിന്നും പുറപ്പെട്ടുവരുന്നത്. ശരിഅത്ത് പരിഷ്കരണം ആവശ്യപ്പെട്ടുകൊണ്ട് കോഴിക്കോട്ട് ഇസ്ലാം ആന്‍ഡ് മോഡേണ്‍ ഏജ് സൊസൈറ്റി പ്രവര്ത്തനമാരംഭിച്ചപ്പൊഴും(1970) സുലൈഖാബീവി സംഭവം (1985), ഷാബനു കേസിന്റെ വിധി(1985) മുസ്ലീം വനിതാ നിയമം (1986) മുതലായ അനുഭവങ്ങള്‍ പഴയ മതനിയമങ്ങളുടെ പ്രസ്ക്തി ചോദ്യം ചെയ്യുന്ന വന്‍ വിവാദങ്ങള്‍ക്ക് വിഷയമായപ്പോഴും യാഥാസ്തികരുടെ തോണിയാലാണ് ഈ വിഭാവക്കാരെ കണ്ടിട്ടുള്ളത്. ബഹുഭാര്യത്വത്തെ മഹത്വവല്‍ക്കരിക്കുന്ന മത പണ്ഡിതന്മാര് അധികമുള്ളതും ഈ കൂട്ടത്തിലാണ്. ഇക്കാലത്തെ പ്രധാനപ്പെട്ട പുണ്യകര്‍മ്മം നാല് പെണ്ണ് കെട്ടലാണെന്നും അത് ആരാധനയാണെന്നും (ഇബാദത്ത്) പ്രബോധനം ചെയ്യുന്നവരെ അവര്‍ക്കിടയില്‍ കാണാം! യാഥാസ്ഥികരെപ്പോലെ മതനിയമങ്ങളില്‍ ഗവേഷണത്തിന്റെ (ഇജ്തിഹാദ്) വാതില്‍ അടഞ്ഞുപോയി എന്ന് അവരും വിശ്വസിക്കുന്നതായിട്ടാണ് അനുഭവം. പുതിയകാലത്തിന്റെ പ്രശ്നങ്ങള്‍ക്ക് നൂറ്റാണ്ടുകള്‍ക്കപ്പുറമുള്ള കിത്താബുകള്‍ നല്കുന്ന പരിഹാരമേയുള്ളൂ എന്ന സ്വന്തം നിലപാടിനെ ‘ഖുര്‍ആനിലേക്ക് മടങ്ങൂ‘ എന്ന ആഹ്വനം കൊണ്ട് മഹത്ത്വവല്കരിക്കാമെന്നാണ് അവരുടെ മോഹം.
ആ സംഘടനയുടെ നിര്ജീവാവസ്ഥ ദയനീയമായി ഉദാഹരിക്കുന്നുണ്ട്, കോഴിക്കോട്ടെ മുജാഹിദ് സെന്റ്റിന് അക്രമികള്‍ ബോംബറിഞ്ഞ സംഭവം (1992). ഭാഗ്യവശാല്‍ ആര്‍ക്കും പരിക്ക് പറ്റിയില്ല. മുജാഹിദ് വോട്ട് കൂടി നേടി ജയിച്ച യു.ഡി.എഫിന്റെ ഭരണകാലമായിട്ടുകൂടി പ്രതികളെ നിയമവാഴ്ചയുടെ മുന്‍പാകെ കൊണ്ടുവരാന്‍ അവര്‍ക്കു സാധിച്ചില്ല. സമകാലിക സമൂഹത്തോട് പ്രതിപ്രവര്‍ത്തിക്കുന്ന സ്വഭാവം നഷ്ടപ്പെട്ടതിന് മറ്റൊരുദാഹരണം: ചേകന്നൂര്‍ വധ(1993)ത്തിനെതിരെ ജനാധിപത്യ വിശ്വാസികളുടെ നിലപാടുമായി അവര്‍ രംഗത്തിറങ്ങിയില്ല. എന്തിന്, ജത് മലാനിയുടെ ഈ പ്രസ്താവനയ്ക്ക് കാര്യകാരണസഹിതം മറുപടി പറയാന്‍കൂടി ഇക്കൂട്ടര്‍ക്ക് നേരമില്ല!
മതനവീകരണം, സാമൂഹികപരിഷ്കരണം, ആശയപ്രബോധനം മുതലായ കാര്യങ്ങളെക്കാള്‍ മദ്രസ, അറബികോളേജ്, ആധുനിക വിദ്യാഭ്യാസ സ്ഥാപനം, ആനുകാലിക പ്രസിദ്ധീകരണ സ്ഥാപനം, പുസ്തക പ്രസാധനശാല മുതലായവ ലാഭകരമായി നടത്തികൊണ്ട് പോകുന്നതിലാണ് ഇന്ന് അവര്‍ പ്രധാനമായും ശ്രദ്ധിക്കുന്നത്. പരിഷ്കരണപ്രസ്ഥാനം മാനേജ്മെന്റ് സാമര്‍ഥ്യമായി തരംകെട്ടിരിക്കുന്നു. സ്ഥാപന വല്കരിക്കപ്പെട്ടതിന്റെ ദുര്യോഗം...
മതരാഷ്ട്രസ്ഥാപനം വിശ്വാസത്തിന്റെ അവിഭാജ്യഘടകമായത് കൊണ്ടല്ല, അറേബ്യയിലെ സവിശേഷസഹചര്യം നല്കിയ സൗകര്യം കൊണ്ടാണ് ഇബ്നു അബ്ദുല്‍ വഹബിന്റെ പരിഷ്കരണവാദം തീവ്രനിലപാടുകളുള്ള രഷ്ട്രീയമായി പരിണമിച്ചത്. ബ്രിട്ടീഷ് കോയ്മയെക്കതിരായ സ്വതന്ത്ര്യബോധം കൊണ്ടാണ് ഷാ വലിയുള്ളയുടെ പരിഷ്കണാശയം ‘ജിഹാദി’ പ്രസ്ഥാനമായി ഉത്തരേന്ത്യയില്‍ രൂപാന്തരപ്പെട്ടത്. കേരളത്തില്‍ ഈ മത നവീകരണാശയം ജനാധിപത്യത്തിന്റെ ഭാഗമായ സാമുദായിക രഷ്ട്രീയ(മുസ്ലിം ലീഗ്)ത്തിനപ്പുറത്തേക്കു പോയിട്ടില്ല. മേല്‍ വിശദീകരിച്ച മൂന്നും ക്ര്ത്യതയില്ലാതെ ‘വഹാബിസം’ എന്നു പരാമര്‍ശിക്കപ്പെടുന്നുണ്ടെങ്കിലും ദൈവത്തിന്റെ ഏകത്വം പോലെ ചില സിദ്ധാന്തങ്ങളൊഴിച്ചു നിര്‍ത്തിയാല്‍ ചരിത്രം കൊണ്ടും അവയുടെ സ്വഭാവം കൊണ്ടും അവയുടെ ഉള്ളടക്കം തീര്‍ത്തും വ്യത്യസ്തമാണ്.
ഈ ചരിത്രപശ്ചാത്തലത്തില്‍ നിന്നുകൊണ്ട് മനസ്സിലാക്കവുന്ന കാര്യം: നമ്മുടെ നാട്ടില്‍ ഇന്ന് മുഴുത്തുവരുന്ന മതഭീകരവാദവുമായി കേരളത്തിലെ ‘വഹാബികള്‍’ എന്നു വിളിക്കപ്പെടുന്ന മുജാഹിദ് വിഭാഗത്തിന് ബന്ധമൊന്നുമില്ല. മറ്റൊന്ന്: ഇന്ത്യന്‍ മുജാഹിദ്ധീന്‍, ഹിസ്ബുള്‍ മുജാഹിദ്ധീന്‍, മുതലായ പേരുകളില്‍ കശ്മീരിലും മറ്റും പ്രവര്‍ത്തിക്കുന്ന തീവ്രവാദസംഘങ്ങളുമായി പേരിലല്ലാതെ, കേരളത്തിലെ ഈ സംഘടനയ്ക്ക് സമാനതകളൊന്നുമില്ല.
കടപ്പാട് : മാത്ര്ഭൂമി ആഴ്ച്ചപ്പതിപ്പ്